പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിതുനൽകുന്ന 384 - മത് സ്നേഹഭവനം ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിൽ രജനി ചന്ദ്രനും കുടുംബത്തിനുമായി റോയി തോമസിന്റെ സഹായത്താൽ നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ ജഡ്ജ് എൻ. ഹരികുമാർ നിർവഹിച്ചു.
പത്തനംതിട്ട ജില്ലയിലെ ചാലക്കയം വനമേഖലയിൽ ഉൾവനങ്ങളിൽ താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് മൂന്നു വർഷങ്ങൾക്കുമുമ്പ് മഞ്ഞത്തോട് വനമേഖലയിൽ സർക്കാർ ഭൂമി അനുവദിച്ചു നൽകിയിരുന്നു. അവിടെ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിഞ്ഞിരുന്ന 20 ആദിവാസി കുടുംബങ്ങൾക്ക് ഒരു വ്യക്തിയുടെ സഹായത്താൽ നിർമിച്ചു നൽകുന്ന ആദ്യത്തെ വീട് പരിസ്ഥിതി സൗഹൃദ മാതൃകാഭവനം എന്ന നിലയിൽ കൈമാറുകയായിരുന്നു. കാട്ടാനകളിൽ നിന്നും മറ്റ് വന്യമൃഗങ്ങളിൽ നിന്നും സുരക്ഷിതമായി താമസിക്കുവാൻ വേണ്ട രീതിയിലാണ് രണ്ട് നിലകളിലായി ബാൽക്കണിയോടു കൂടിയ മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും വരാന്തയും അടങ്ങിയ വീട് പണിതുനൽകിയത്.
ചടങ്ങിൽ പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ആനി വർഗീസ്, റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷുഹൈബ്, ജില്ലാ ട്രൈബൽ ഓഫീസർ ശശിധരൻ, പ്രോജക്ട് കോഓർഡിനേറ്റർ കെ.പി. ജയലാൽ, പ്രിസ് സുനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.